ഓണം കെങ്കേമമാക്കാൻ വിസ്മയങ്ങളൊരുക്കി കടകമ്പോളങ്ങൾ. ടെക്സ്സ്റ്റൈൽ ഷോപ്പുകളിൽ, ജ്വല്ലറികളിൽ, ഷോ റൂമുകളിൽ ഓണം സ്പെഷ്യൽ ഓഫറുകൾ . ജനങ്ങളുടെ പരക്കം പാച്ചിലുകൾ. നാടെങ്ങും തിരക്കുകളും, ബഹളങ്ങളും . ഈശ്വരാ..... എത്ര വേഗം ഓണം ഇങ്ങു വന്നെത്തി.
ഓണത്തുമ്പികൾ വിരുന്നെത്തുമായിരുന്ന, മഞ്ഞവെയിൽ പരക്കുമായിരുന്ന, കൈകൊട്ടിക്കളിയുടെ താളങ്ങളും, തുമ്പിതുള്ളൽ, പുലികളി, കുട്ടികളുടെയും വലിയവരുടെയും ഊഞ്ഞാലാട്ടം പിന്നെ വീട്ടിലെ ബഹളം നിറഞ്ഞ ആ അന്തരീക്ഷം. ആ പഴയ ഓണനാളുകളിലേക്ക് മനസ്സു വീണ്ടും.......
ഓണപ്പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം കളിച്ചു തിമിർക്കാനുള്ളതാണ്. അന്നത്തെ കിളിത്തട്ടുകളിയും, അക്കുകളി, സാറ്റുകളി ഇവയൊക്കെയായിരുന്നു ഞങ്ങൾ ചെറിയ കുട്ടികളുടെ കളികൾ. മുറ്റവും, വഴിയുമെല്ലാം ചെത്തിയൊരുക്കിച്ച് ഓണം കയറ്റുന്നതിന്റെ തിരക്കിൽ അച്ഛൻ, ഉപ്പേരിവറ, കളിയടക്ക, ശർക്കര പുരട്ടി ഇവയൊക്കെ വറക്കുന്നതിന്റെയും , പൊരിക്കുന്നതിന്റെയും മണവും, ബഹളവും അടുക്കളയിൽ. അമ്മ സദാ തിരക്കോടു തിരക്ക്.
ഓണത്തിനു രണ്ടുനാൾ മുന്നേ ഊഞ്ഞാലിനുള്ള കയറും പിന്നെ പച്ചമടൽ വെട്ടിയൊരുക്കുമ്പോഴും എല്ലാം ഉത്സാഹത്തോടെ ഞാനും, ചേട്ടനും അച്ഛനു ചുറ്റും വട്ടമിട്ടു നടക്കും. പറമ്പിലുള്ള ആ വലിയപറങ്കിമാവിൽ വലിയ ഊഞ്ഞാൽ കെട്ടിക്കഴിഞ്ഞാൽ പിന്നെ അവിടത്തെ ആരവങ്ങളും, ബഹളങ്ങളും കണ്ടു നെടുവീർപ്പിടാനേ ഞങ്ങൾക്കു വിധിയുണ്ടായിരുന്നുള്ളൂ. കാരണം മൂത്ത ചേച്ചിമാരും അവരുടെ കൂട്ടരുമാണ് അതിൽ ഊഞ്ഞാലാട്ടം നടത്തുക. ആരാണ് ഏറ്റവും ഉയരത്തിൽ ആടുക, തൊട്ടടുത്തു നിൽക്കുന്ന ഉയർന്ന റബ്ബർ മരത്തിലെ ഇലയിൽ ആരാണ് കാൽ കൊണ്ട് തൊട്ട് ആടി തിരിച്ചുവരിക, ഇതൊക്കെ ബെറ്റു വച്ചാണ് അവർ ഊഞ്ഞാലാട്ടം നടത്തുക. പുറകിൽ നിന്ന് ആയത്തിൽ ഒരാൾ തള്ളിക്കൊടുക്കും ഇരുന്നുകൊണ്ട് ആടുക, നിന്നുകൊണ്ട് ആടുക, ഒരാൾ നിന്നും, മറ്റെയാൾ ഇരുന്നും രണ്ടുപേർ ചേർന്നാടുക, രണ്ടുപേരും മുഖാമുഖം നിന്ന് ആടുക ഇതൊക്കെ ഞങ്ങൾ ശ്വാസം അടക്കിപ്പിടിച്ചു നോക്കി നിൽക്കും. ഞങ്ങളുടെ ഊഴത്തിനായി കാത്തു നിന്നു മടുക്കുമ്പോൾ കെഞ്ചും അവരോട് അവരാരെങ്കിലും ദയ തോന്നി മടിയിൽ വച്ച് രണ്ടാട്ടം ആടിച്ചു മാറ്റിനിർത്തും.
പിന്നെ ഞങ്ങൾ കാണുന്ന ഏക മാർഗ്ഗം രാവിലെ കണ്ണു തിരുമ്മി എണീറ്റു വരുമ്പോഴേ അമ്മയുടെ വിളി വക വെക്കാതെ ഓടി ഊഞ്ഞാലിൻ ചുവട്ടിലേക്ക്. അപ്പോൾ അവിടെ തിരക്കൊന്നുമില്ലാതെ ശൂന്യം. ആ വലിയ ഊഞ്ഞാലിൽ കയറിപ്പറ്റാൻ ശ്രമിച്ച് ഉച്ചീം കുത്തി പുറകോട്ടു വീണ് ഉച്ചത്തിൽ കരച്ചിൽ തുടങ്ങിയാൽ ചേട്ടൻ എന്നെ ഇട്ടേച്ചോടും. പിന്നെ അമ്മയുടെ ശകാരവും, ചേച്ചിമാരുടെ കിഴുക്കും എല്ലാം വാങ്ങി എങ്ങലടിച്ചും, കണ്ണു ഞെരടിയും അമ്മക്കു ചുറ്റും നടക്കുമ്പോൾ അച്ഛൻ ഞങ്ങൾക്കായി ഞങ്ങളുടെ മുറ്റത്തു നിന്നിരുന്ന കുഞ്ഞുകാപ്പിമരത്തിൽ ഒരു കൊച്ചൂഞ്ഞാൽ കെട്ടിത്തരും. അവിടെ ഊഞ്ഞാലാട്ടം തുടങ്ങിയാൽ അടിയായി, പിടിയായി, ബഹളമായി ചേട്ടൻ മുഴുവൻ സമയവും അതിൽ അധികാരം സ്ഥാപിച്ചു കഴിഞ്ഞിരിക്കും.
ഞാനുച്ചത്തിൽ കരഞ്ഞ് എന്റെ പ്രതിഷേധം അറിയിക്കുമ്പോൾ അച്ഛൻ അതിനോട് ചേർന്ന് എനിക്കു മറ്റൊരു കുഞ്ഞൂഞ്ഞാൽ കെട്ടിത്തരും. എനിക്കും ചേട്ടനും തലങ്ങും, വിലങ്ങും ആടാം. പക്ഷെ കുറുമ്പനായ എന്റെ ചേട്ടൻ ഞാനൂഞ്ഞാൽ ആടുമ്പോൾ ചേട്ടന്റെ ഊഞ്ഞാലിൽ ആടിവന്ന് ഒന്നുമറിയാത്ത മട്ടിൽ എന്നെ ഇടിച്ചു താഴെയിടാൻ നോക്കുമായിരുന്നു. അങ്ങനെ പരസ്പരം വഴക്കടിച്ചും, പിണങ്ങിയും ഞങ്ങൾ കാപ്പിച്ചുവട്ടിൽ ഊഞ്ഞാലാട്ടം നടത്തുമ്പോഴും ഞങ്ങളുടെ ശ്രദ്ധ മുഴുവൻ പറങ്കിമാവിലെ ആ വലിയ ഊഞ്ഞാലും അവിടുത്തെ ബഹളങ്ങളുമായിരുന്നു.
തിരുവോണനാളിൽ രാവിലെ കുളിച്ച് ഓണക്കോടിയുമുടുത്തു ഞങ്ങളുടെ ശ്രദ്ധ മുഴുവൻ ദൂരെ തോടിനക്കരെ ഉള്ള റബ്ബർ തോട്ടത്തിലെ വഴിയിലേക്കാവും. കാരണം തിരുവോണനാളിൽ രാവിലെയാവും പട്ടണത്തിലുള്ള വലിയ ചേട്ടൻ ചേച്ചിക്കൊപ്പം വരിക. ചേട്ടൻ വരുമ്പോൾ കുറെ ആപ്പിളും, ഓറഞ്ച് പിന്നെ പേരക്ക ഒക്കെ പട്ടണത്തിൽ നിന്നും വാങ്ങിയാവും വരിക. അടുക്കളയിൽ അമ്മ സദ്യ വട്ടങ്ങളൊരുക്കുന്ന തിരക്കിലാവും. ഞങ്ങൾ കുട്ടികളെ നിലത്തു പായ വിരിച്ച് അതിൽ ഇരുത്തി തൂശനില ഇട്ട് അതിൽ വിഭവ സമൃദ്ധമായ സദ്യ വിളമ്പിത്തരും.
ഊണിന് പരിപ്പുകറി, പപ്പടം, സാമ്പാർ, അവിയൽ, തോരൻ, മെഴുക്കുപുരട്ടി, ഇഞ്ചിക്കറി, പച്ചടി, മോരു കാച്ചിയത് , പച്ചമോര്, ഉപ്പേരി, നാരങ്ങാ അച്ചാർ, പിന്നെ പായസം ഇതെല്ലാം വേണമെന്ന് അമ്മക്കു
നിർബന്ധവും ആയിരുന്നു.
ഊണു കഴിഞ്ഞ് ഉച്ച കഴിഞ്ഞാൽ മൂത്ത ചേട്ടൻ ഭാര്യാഗൃഹത്തിലേക്ക് പോകും. അപ്പോൾ ഞങ്ങൾ കുട്ടികൾ സങ്കടത്തോടെ നോക്കി നിൽക്കും. അപ്പോഴേക്കും മൂത്ത ചേച്ചിയും, ചേട്ടനും ഉച്ച ശേഷം തിരുവോണം കൂടാൻ ഞങ്ങളുടെ വീട്ടിലേക്കു വിരുന്നു വരും. അപ്പോൾ ഞങ്ങൾ കുട്ടികൾക്ക് വീണ്ടും ഉത്സാഹം ആവും.
ഓണനാളിലെ പ്രധാന വിനോദമായിരുന്നു പുലികളി ( കടുവകളിക്കാർ ) വീടുകളിൽ വരുന്നതും, പിന്നെ അങ്ങു ദൂരെ തോട്ടത്തിൽ അവിടെ ജോലിചെയ്തിരുന്ന മുതിർന്ന പെണ്ണുങ്ങളും മറ്റും കൂട്ടം കൂടി തുമ്പി തുള്ളലും, ആർപ്പും, ബഹളങ്ങളും കേൾക്കാം. അങ്ങനെ അടിച്ചു തകർത്ത് ദിവസങ്ങൾ കടന്നു പോവുന്നതറിയുകയില്ല. സ്കൂൾ തുറക്കുന്നതിന്റെ തലേന്നാളും കളിച്ചു തിമിർത്തു സന്ധ്യയായാലും മുറ്റത്തൂന്നു കയറില്ല. അപ്പോൾ അകത്തുനിന്ന് അമ്മയുടെ വിളി കേൾക്കാം " കളിയൊക്കെ മതി. നാളെ സ്കൂളിൽ പോവാനുള്ളതാണ് വേഗം കേറിക്കെ." വീണ്ടും സങ്കടം. എന്നാലും രാവിലെ സ്കൂളിൽ പോകാനിറങ്ങുമ്പോൾ ഉത്സാഹം. പുതിയ ഓണക്കോടിയുമിട്ടു കൂട്ടുകാർക്കൊപ്പം പോവാനുള്ള ഉത്സാഹം.
ക്ലാസ്സിൽ ടീച്ചർ കയറി വരുന്നതോ ഓണപ്പരീക്ഷയുടെ ഉത്തരപേപ്പറുകളുമായി. അപ്പോൾ അറിയാതെ നെഞ്ചു പട പടാന്ന് മിടിക്കും. കണക്കുമാഷ്
ഉത്തരപേപ്പർ തന്നു കഴിയുമ്പോഴേക്കും ആ പടപടപ്പ് ഇരട്ടിയാകും. വൈകുന്നേരം അതുമായി വീട്ടിലേക്ക്. പിന്നെ വീട്ടിൽ ചില കർശന നിബന്ധനകൾ " മര്യാദക്കിരുന്നു പഠിച്ചോ !കളി അല്പം കൂടുന്നുണ്ട് ഇനി ഇവിടെങ്ങാനും കളിച്ചു കണ്ടാലാ ". പുസ്തകത്തിൽ മുഖം പൂഴ്ത്തി മിണ്ടാതിരിക്കുന്ന എന്നെ ശ്........ശ്...... ശബ്ദമുണ്ടാക്കി ചേട്ടൻ വിളിച്ച് കൈ കൊണ്ട് ആംഗ്യം കാട്ടി കളിയാക്കുമ്പോൾ വീണ്ടും ഞാനൊച്ച വച്ചു കരയും. അപ്പോൾ അമ്മ ചേട്ടനോടും പറയും " നീയും കളിക്കണ്ട പഠിച്ചോ വേഗം" അതു കേൾക്കുമ്പോൾ എനിക്കു തെല്ലു സമാധാനം കിട്ടുമെങ്കിലും ഞാൻ മനസ്സിൽ പ്രാർഥിക്കും " വേഗം അടുത്ത ഓണം എത്താനായ് ."
ഗീതഓമനക്കുട്ടൻ
http://geetharevathi.blogspot.in/2015/08/blog-post.html
0 comments:
Post a Comment